SignIn
Kerala Kaumudi Online
Saturday, 08 August 2026 3.23 AM IST

ശാശ്വതമായ ജീവിതദർശനം

reshma

'രാമായണം' എന്ന വാക്കിന്റെ അർത്ഥം 'രാമസ്യ അയനം'- ശ്രീരാമന്റെ ജീവിതയാത്ര എന്നാണ്. എന്നാൽ അത് ഒരു രാജകുമാരന്റെ ജീവിതകഥ മാത്രമല്ല; ധർമ്മത്തെ ജീവിതത്തിൽ എങ്ങനെ ആചരിക്കാമെന്ന് ലോകത്തെ പഠിപ്പിക്കുന്ന ശാശ്വതമായ ജീവിതദർശനമാണ്. 'ധർമ്മം ചര' എന്ന വേദസന്ദേശത്തിന്റെ സാക്ഷാത്കാരമാണ് ശ്രീരാമന്റെ ജീവിതം.

പരീക്ഷണങ്ങളും പ്രലോഭനങ്ങളും പ്രതിസന്ധികളും ഒന്നിനു പിന്നാലെ ഒന്നായി വന്നിട്ടും ധർമ്മത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത ആദർശപുരുഷനെയാണ് വാല്മീകി മഹർഷി രാമായണത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം രാമനെ 'രാമോ വിഗ്രഹവാൻ ധർമ്മഃ' എന്ന് വിശേഷിപ്പിക്കുന്നത്.

വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാൻ രാമായണം നമ്മെ പ്രചോദിപ്പിക്കുന്നു. ധർമ്മത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവന് പ്രകൃതിയും സമൂഹവും ഒപ്പം നിൽക്കുമെന്ന സത്യം ജടായു, സമ്പാതി, അണ്ണാറക്കണ്ണൻ, വാനരസേന എന്നിവരുടെ ജീവിതത്തിലൂടെ ഈ മഹാകാവ്യം വെളിപ്പെടുത്തുന്നു.

മറുവശത്ത്, അധർമ്മം എത്ര ശക്തമായാലും അതിന്റെ അന്ത്യം പതനമാണെന്ന് രാവണന്റെയും ബാലിയുടെയും ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. രാമായണത്തിന്റെ സ്വാധീനം ഭാരതീയ സംസ്കാരത്തിന്റെ എല്ലാ മേഖലകളിലും കാണാം. കുടുംബബന്ധങ്ങളുടെ വിശുദ്ധി, സഹോദരസ്നേഹം, ദാമ്പത്യനിഷ്ഠ, ഗുരുഭക്തി, രാജധർമ്മം, ജനസേവനം എന്നിവയ്ക്ക് ഇന്നും മാതൃകയായി നിൽക്കുന്നത് രാമജീവിതമാണ്. ശില്പകലകളിലും സംഗീതത്തിലും സാഹിത്യത്തിലും ക്ഷേത്രസംസ്കാരത്തിലും രാമായണത്തിന്റെ സ്വാധീനം അളക്കാനാവാത്തതാണ്. മഹാത്മാഗാന്ധി സ്വപ്നം കണ്ട 'രാമരാജ്യം' ഈ മഹത്തായ ധർമ്മദർശനത്തിന്റെ സാമൂഹിക രൂപമാണ്.

രാമായണം വായിക്കുന്ന സമൂഹം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു. രാമകഥകൾ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ധർമ്മത്തിന്റെ വഴി തിരഞ്ഞെടുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ രാമായണം ഒരു ഇതിഹാസം മാത്രമല്ല; തലമുറകളെ സംസ്കരിക്കുന്ന മഹാഗ്രന്ഥമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY