SignIn
Kerala Kaumudi Online
Sunday, 09 August 2026 3.26 AM IST

രാമായണാമൃതം ''രാമകഥ എന്നും ആത്മപരിശോധനാപരം''

a

'അയഗതന"എന്ന ധാതുവിൽനിന്നാണ് അയനം (മാർഗ്ഗം ) എന്ന പദമുണ്ടായത്.ശ്രീരാമന്റെ അയനമാണ്‌ ശ്രീരാമായണം. രാമായണപഞ്ചകം പ്രസിദ്ധമാണ് .വാത്മീകിരാമായണം,അദ്ധ്യാത്മരാമായണം, ബാലരാമായണം, ഗായത്രീരാമായണം, അത്ഭുതരാമായണം എന്നിവയാണവ .ഉത്തരദേശീയർ കർക്കടകത്തിലും ദക്ഷിണദേശക്കാർ വൃശ്ചികത്തിലുമായിരുന്നു രാമായണപാരായണം ചെയ്തുവന്നിരുന്നത് . സാർവ്വലൗകികതയാണ് രാമായണത്തിന്റെ അന്തർധാര . കർമ്മംകൊണ്ടു ശുദ്ധിയും ധർമ്മംകൊണ്ട് വൃദ്ധിയുംവന്നുചേരുമ്പോൾ ജന്മംകൊണ്ട് സിദ്ധികൈവന്നു ചേരുന്നു എന്ന് രാമായണം നമ്മെ ഓർമ്മിപ്പിയ്ക്കുന്നു.


ഭക്തന്മാരെ രമിപ്പിയ്ക്കുന്നതാരോ -രഞ്ജിപ്പിയ്ക്കുന്നതാരോ-അതാണ് രാമൻ . ക്ഷത്രിയനായ വിശ്വാമിത്രൻ തപസ്സുകൊണ്ട് രാജർഷിയായി.അജ്ഞതകൊണ്ട് അന്ധനായ രത്നാകരൻ സപ്തർഷികളുടെ ഉപദേശത്താൽ രാമമന്ത്രംജപിച്ച് മഹാജ്ഞാനിയായി; അനശ്വരനായ ആദികവിയായി !ശബരിയും ഗുഹനുമെല്ലാം ശ്രീരാമചന്ദ്രന് പ്രിയപ്പെട്ടവരാണ് .

വനവാസിയും വാനരനു മെല്ലാം ശ്രീരാമഹൃദയത്തിൽ ഒരുപോലെതന്നെ. അധാർമ്മികതയ്ക്കുനേരെ , പാപപങ്കിലമായ അജ്ഞാനതിമിരാന്ധതക്കെതിരെ മനുഷ്യസഹജമായ സ്നേഹവും ധാർമ്മികതയും സഹജീവികളിലേക്ക് ചൊരിയുമ്പോഴാണ് ആന്തരികമായും ബാഹ്യമായുമുള്ള ഇരുട്ടകന്ന്പ്രകാശഭരിതമാകുന്നത് .അപ്പോഴാണ് നരൻ നാരായണനാകുന്നത്.ഈ അവസ്ഥയിലൂടെ പ്രാപഞ്ചികജീവിതത്തിന്റെ ഒരു പുനഃസൃഷ്ടിയാണ് രാമായണത്തിലൂടെ സംഭാവനചെയ്യപ്പെടുന്നത്.
അതുകൊണ്ടുതന്നെയാണ് രാമായണത്തിലൂടെ നിരന്തരമായി അയനംചെയ്യാൻ മുമുക്ഷുക്കൾ വ്യഗ്രരാകുന്നത് . കാരണം അത് ആലോചനാമൃതങ്ങളാണ് !


സുഖലോലുപതകൊണ്ട് മനുഷ്യനെ അഹങ്കാരിയാക്കുന്ന അധികാര ഗർവ്വം,സമൂഹത്തിൽ എല്ലാം നൈമിഷികമാണെന്നു തിരിച്ചറിയാത്ത പ്രതികാരദാഹിയായ രാവണനെയും,ആത്മസേവനത്തിന്റെ മഹാസിംഹാസനം ആദരപൂർവ്വം സ്വീകരിച്ച് യഥാവിധി തന്റെ കടമനിർവഹിയ്ക്കുന്ന -നിഷ്കാമകർമ്മനിരതനായ- പ്രജാപരിപാലകനായ ശ്രീരാമനെയും സൃഷ്ടിയ്ക്കുന്നു.ധർമ്മാധർമ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യമനസ്സിൽ എങ്ങനെയെല്ലാം വ്യാപാരിയ്ക്കുന്നുവെന്നു രാമായണകഥാമഹത്വം നമ്മെ ഭംഗ്യന്തരേണ പഠിപ്പിയ്ക്കുന്നു .


ഭൗതികതയുടെയും ആധ്യാത്മികതയുടെയും നടുവിൽ ജീവിതമെന്തെന്നു പഠിപ്പിയ്ക്കുന്ന രാമകഥ എന്നും ആത്മപരിശോധനാപരമാണ്. അതുകൊണ്ടുതന്നെയാണ് നദികളും പർവ്വതങ്ങളും ഉള്ളകാലത്തോളം രാമായണം നിലനിൽക്കുമെന്നു പറയുന്നത്.


ധർമ്മവിഗ്രഹംപൂണ്ട നിർമ്മലസ്വരൂപന്റെ ലോകേതിഹാസമായ രാമായണം മനുഷ്യകുലത്തിനു പുത്തനുണർവ് നൽകുന്നു.മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും പരിണതഫലങ്ങളും മനുഷ്യനെ ഹൃദയാർദ്രതാനുഭൂതിതമായ നിർമ്മലതയുടെയും നിർമ്മമതയുടെയും തത്ഭവക്കുന്ന ജീവിതസൗന്ദര്യം രാമായണത്തിലുടനീളം കാണാം .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION