SignIn
Kerala Kaumudi Online
Saturday, 08 August 2026 4.20 AM IST

ധർമ്മകാംക്ഷിയായ വിഭീഷണൻ

a

രാമായണം അനുഭവ പാഠങ്ങളുടെ പഠനമാണ്. ഒരാൾ ജന്മംകൊണ്ട് രാക്ഷസനാകുന്നില്ല. കർമ്മംകൊണ്ടാണ് അപ്രകാരമാകുന്നത്. കുലം മെച്ചമെന്നു വിശേഷിപ്പിക്കുന്നതുകൊണ്ട് ബ്രഹ്മജ്ഞനുമാകുന്നില്ല. ധർമ്മം ആചരിക്കുമ്പോഴാണ് ആദരണീയനാകുന്നത്. മാലിനീപുത്രനായ വിഭീഷണൻ ജന്മംകൊണ്ട് രാക്ഷസനായിരുന്നു. പക്ഷേ, ധർമ്മാചരണ തത്പരനായിരുന്നു അദ്ദേഹം.

ശ്രീരാമൻ ആരെന്നും അവതാരോദ്ദേശ്യം എന്തെന്നും വിഭീഷണന് നന്നേ അറിയാമായിരുന്നു. രാജസദസിൽ രാവണസമക്ഷം ശ്രീരാമനോട് സന്ധിചെയ്യണമെന്നും ക്ഷമാപണപൂർവം യുദ്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ഉപദേശിച്ചതിന്റെ ഫലമാണ് സഭയിൽ നിന്നും അദ്ദേഹത്തിന് നിഷ്കാസിതനാകേണ്ടി വന്നത്. ധർമ്മബോധനത്തിന്റെ പേരിൽ- നീതിബോധത്തിന്റെ മുന്നിൽ- പദവികളും സിംഹാസനവും സ്വരാജ്യംപോലും ഉപേക്ഷിക്കേണ്ടിവന്നു. ശ്രീരാമനും ഇതുതന്നെയാണു ചെയ്തത്. സ്വധർമ്മത്തിൽനിന്നും വ്യതിചലിക്കാതെയിരിക്കുവാൻ സിംഹാസനവും രാജ്യവും ത്യജിച്ചു.


'ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി' എന്ന വിഖ്യാതമായ പ്രസ്താവം ഉത്ഭവിച്ചത് വിഭീഷണന്റെ അഭ്യർത്ഥനയ്ക്ക് നൽകിയ മറുപടിയായിട്ടാണ്. രാമ രാവണ യുദ്ധാനന്തരം ഇന്ദ്രന്റെ പ്രേരണയാൽ വിശ്വകർമ്മാവ് പുതുക്കിപ്പണിത സ്വർണ്ണമയമായ ലങ്കാരാജ്യത്തിന്റെ അധിപതിയായി വാഴാൻ വിഭീഷണൻ ശ്രീരാമനോട് ഭക്ത്യാദരപൂർവം അപേക്ഷിച്ചു. അപ്പോൾ സുസ്മേരവദനനായി നിന്ന കൗസല്യാത്മജൻ വിഭീഷണനോടു പറയുന്ന ഉത്തരമാണ് യുക്തിഭദ്രവും ഹൃദയസ്പൃക്കുമായ ഈ വരികൾ. മാതാവും മാതൃരാജ്യവും സ്വർഗത്തേക്കാൾ മഹത്തരമാണ് എന്ന്.

‘രാമരാജ്യം’ വന്നുകാണുവാൻ ഏറെ മോഹിച്ചു രാക്ഷസ കുലജാതനായ വിഭീഷണൻ. ധർമ്മവിപര്യയം സംഭവിച്ചവനെങ്കിലും സ്വസഹോദരന്റെ വേർപാടിൽ ദുഃഖപരിതപ്തനായി നിൽക്കുന്ന വിഭീഷണനെയും രാമായണത്തിൽ നമുക്ക് കാണാം. ഔന്നത്യത്തെ അഹംഭാവം എങ്ങനെ തകർക്കുമെന്നും 'അഹംബോധം' ഒരു വ്യക്തിയെ എത്രമാത്രം ഉന്നതനാക്കുന്നുവെന്നും രാമായണം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY