SignIn
Kerala Kaumudi Online
Sunday, 09 August 2026 3.27 AM IST

ഊരായാലും ഉന്നതിയായാലും ആദിവാസികൾക്ക് ക്ഷേമം മതി

a

 ഇന്ന് അന്താരാഷ്ട‌്ര ആദിവാസി ദിനം

'അവസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിന് ശേഷമേ, അവസാനത്തെ പുഴയും വിഷലിപ്തമായതിനശേഷമേ, അവസാനത്തെ മൽസ്യവും പിടിക്കപ്പെട്ടതിനുശേഷമേ നിങ്ങൾക്ക് മനസ്സിലാവുകയുളളു പണം തിന്നാൻ പറ്റുന്ന ഒരു സാധനമല്ലെന്ന്"-ഒരു നൂറ്റാണ്ട് മുമ്പ് പാപുവ ന്യൂഗിനിയയിലെ സിയാറ്റിൽ ആദിവാസി മൂപ്പന്റെ കത്തെന്ന പാെലെ അമേരിക്കൻ പ്രസിഡന്റിന് അയച്ചകത്തിലെ വാചകമാണിത്.ഇന്ന് അന്താരാഷ്ട്ര ആദിവാസി ദിനം.

ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1994ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവിൽ വന്നത്‌.കാലം എത്രയോ കടന്ന് പോയി.എന്നിട്ടും ഭൂമിയുടെയും ആകാശത്തിന്റെയും അവകാശികളായ ആദിവാസികൾക്ക് മോചനം ഉണ്ടായോ?.

ഉണരണം സാംസ്ക്കാരിക കേരളം

വയനാട്ടിലെ ആദിവാസികളെക്കുറിച്ച് 'കേരളത്തിലെ ആഫ്രിക്ക"എന്ന പേരിൽ കെ.പാനൂർ അരനൂറ്റാണ്ടിന് മുമ്പ് തന്നെ എഴുതിയിരുന്നു.അതിൽ നിന്ന് ആദിവാസികൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.മാറി മാറി വന്ന സർക്കാരുകൾ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ മത്സരിച്ചു.പക്ഷെ ആദിവാസികൾ ഇന്നും സമൂഹത്തിന്റെ അടിത്തട്ടിൽ തന്നെ.അവർ മുഖ്യധാരയിൽ എത്തിയില്ല. മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ പതിനൊന്നുകാരൻ മനു സൈക്കിൾ അപകടത്തെ തുടർന്ന് രക്തം വാർന്ന് മരണപ്പെട്ടു.അതിന്റെ അലയൊലികൾ ഇതേവരെ കെട്ടടങ്ങിയില്ല.നീതിക്കായി മനുവിന്റെ രക്ഷിതാക്കൾ ശബ്ദിച്ചിട്ടും കാര്യമില്ലെന്ന് വന്നിരിക്കുന്നു.പൊലീസ് സ്ഥലത്തെത്തിയിട്ടും മനുവിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.ഏറെ വൈകിവന്ന ആംബുലൻസിൽ കയറ്റി സുൽത്താൻബത്തേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ആ സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിടുമ്പോൾ മറ്റൊരു സംഭവം കൂടി തൊട്ടടുത്ത നൂൽപ്പുഴ തോട്ടാമൂല കാരപ്പുതാടി ഉന്നതയിൽ നടന്നു.ഉന്നതിയിലെ മാധവ(50)ന്റെ മരണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.ഉന്നതിക്ക് സമീപത്തെ കർഷകന്റെ വളച്ചാക്കുമായി പോകുമ്പോൾ വീണ് നട്ടൊല്ല് പൊട്ടിയ മാധവൻ നാല് ദിവസം വേദന സഹിച്ച് ഉന്നതിയിൽ കിടന്നു.ആരും തിരിഞ്ഞ് നോക്കിയില്ല.ആദിവാസികൾക്കായി ഒരു വകുപ്പ് ഉണ്ടായിട്ടും അവർ ഇതൊന്നും അറിഞ്ഞില്ല. വേദന കൊണ്ട് പുളഞ്ഞ മാധവനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിശോധന അവിടെ നിന്ന് മാധവന് ലഭിച്ചില്ല.ഗുരുതരമായ പരിക്ക് പറ്റിയ മാധവനെ കിടത്തി ചികിത്സിപ്പിക്കാൻ തയ്യാറാകാതെ വീട്ടിലേക്ക് പറഞ്ഞ് വിടാനാണ് ആശുപത്രി അധികൃതർ തയ്യാറായത്.ആശുപത്രിയിൽ നിന്ന് മണ്ണ് കൊണ്ട് പോകുന്ന അർബാന ട്രോളിയിൽ ഇരുത്തി ഉന്തിക്കൊണ്ട് പോവുകയാണ് ഉണ്ടായത്.ഒരു മനുഷ്യനോട് ചെയ്ത ക്രൂരതയാണിത്.പൊറുക്കാൻ പറ്റാത്ത കുറ്റം. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.എന്നിട്ടും സാംസ്ക്കാരിക കേരളം ഉണർന്നില്ല,ശബ്ദിച്ചില്ല.ഏതായാലും മാധവൻ ഇന്നില്ല.മരണപ്പെട്ടു.കഴിഞ്ഞ ജൂലെെ 31ന്. നട്ടെല്ല് പൊട്ടിയാണ് മാധവന്റെ മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.മതിയായ ചികിത്സ ലഭിക്കാതെയാണ് മാധവൻ മരണപ്പെട്ടതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.നൂൽപ്പുഴ പൊലീസ് ഇതേവരെ ഇത് ഗൗരമായി എടുത്തില്ല. ഇവിടെ ആദിവാസികളുടെ ജീവന് വിലിയില്ലേ എന്ന സഹോദരി ലീലയുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നൽകുക.കാലം എത്രയോ മാറി.എന്നിട്ടും വയനാട്ടിലെ ആദിവാസികൾ നരക ജീവിതം തന്നെയാണ് നയിക്കുന്നത്.

മുത്തങ്ങ സമരത്തിൽ നീതി വേണം

2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ഭൂസമരത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പയ്യമ്പളളി മലയിൽപ്പീടികയിലെ ചെമ്മാട് ജോഗിയും പൊലീസുകാരൻ കെ.വി.വിനോദും.ജോഗിയുടെ മരണത്തോടെ കുടുംബത്തിന് സഹായമായി രണ്ട് ലക്ഷം രൂപയും മകൾ സീതക്ക് റവന്യൂ വകുപ്പിൽ ജോലിയും നൽകി.മുത്തങ്ങ ഭൂ സമരം കഴിഞ്ഞിട്ട് 23 വർഷം കഴിഞ്ഞു.എന്നാൽ ജോഗിയുടെ മരണത്തിൽ കാര്യമായ അന്വേഷണം ഇതേവരെ നടന്നില്ല.പൊലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റാണ് ജോഗി മരിക്കുന്നത്. എഫ്. ഐ.ആർ ഇട്ടതല്ലാതെ കുറ്റപത്രം പോലും കോടതിയിൽ നൽകിയിട്ടില്ല.കേസ് റീ ഓപ്പൺ ചെയ്യുന്നതിനായി കോടതിയെ സമീപിക്കുമെന്ന് ആദിവാസി സമര നായിക സി.കെ.ജാനു 'കേരളകൗമുദി"യോട് പറഞ്ഞു.ജോഗിയുടെ മരണത്തിൽ അന്വേഷണം ഉണ്ടാകാത്തത് ആദിവാസികളോടുളള വിവേചനപരമായ സമീപനമാണ്.മുത്തങ്ങ ഭൂസമരത്തിൽ സി.കെ.ജാനു ഉൾപ്പെടെ 74 പേർക്കെതിരെയുളള കേസിന്റെ വിധി ഇനിയും വരാനുണ്ട്. ഈ കേസ് സർക്കാർ എഴുതി തളളണമെന്നാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്. ഭൂസമരത്തിൽ പങ്കെടുത്ത 283 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഭൂമി നൽകാൻ അന്ന് തീരുമാനമായത്.എന്നാൽ പലർക്കും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ആദിവാസികൾ പരാതി ഉന്നയിച്ചു. എന്നാൽ ഇതേവരെ തീരുമാനം ഉണ്ടായില്ല.മുത്തങ്ങ സമരത്തിൽ ആദിവാസികൾക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യത്തിന് നേരെ സർക്കാർ മുഖം തിരിഞ്ഞ് നിന്നു.മുത്തങ്ങ സമരത്തിന് ശേഷവും വയനാട്ടിലെ ആദിവാസി ഉന്നതികളിൽ കയറിയിറങ്ങി പൊലീസ് നരനായാട്ടായിരുന്നു നടത്തിയിരുന്നത്.പൊലീസ് പീഡനത്തെ തുടർന്ന് നിരവധി ആദിവാസികൾ പിന്നീട് അസുഖം ബാധിച്ച് മരണപ്പെട്ടു.അതിൽ സ്ത്രീകളും കുട്ടികളും എല്ലാം ഉൾപ്പെടും.23 വർഷം കേസുമായി ആദിവാസികൾ കോടതികൾ കയറിയിറങ്ങി.

സുൽത്താൻ ബത്തേരിയിൽ ചേരുന്ന ആദിവാസി കൺവെൻഷനിൽ വച്ച് മുത്തങ്ങ സമരത്തിൽ ആദിവാസികൾ നേരിട്ട ക്രൂരതകൾ ഉൾപ്പെടെ ചർച്ച ചെയ്യും.

വാൽക്കഷ്ണം:

സംസ്ഥാനത്തെ ഗോത്രവിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളുടെ പേര് വീണ്ടും ഊര് എന്നാക്കാൻ തീരുമാനം.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉന്നതി എന്നാക്കിയ തീരുമാനമാണ് തിരുത്തുന്നതെന്ന് വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.വിവിധ ഗോത്രവിഭാഗക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.നല്ലത്.ഊരായാലും ഉന്നതിയായാലും ആദിവാസികൾക്ക് ക്ഷേമം മാത്രം മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION