
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ (NEP) ഭാഗമായി കേരളത്തിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ പഠന പരിപാടി (FYUGP) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടനാപരമായ പരിഷ്‌കാരങ്ങളിലൊന്നാണ്. ബഹുവിഷയ പഠനം (Multidisciplinary Studies) ഫലാധിഷ്ഠിത വിദ്യാഭ്യാസം (Outcome - Based Education) വിദ്യാർത്ഥി കേന്ദ്രീകൃത പഠനം, ഗവേഷണോന്മുഖത, നൈപുണ്യ വികസനം, തൊഴിൽ യോഗ്യത എന്നിവയിലൂടെ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. FYUGPയുടെ പ്രാരംഭഘട്ടം കേരളത്തിൽ പൊതുവേ വിജയകരമായി മുന്നേറിയത് സ്വാഗതാർഹമാണ്. ബഹുവിഷയ കോഴ്സുകൾ, മൈനർ കോഴ്സുകൾ, അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ്സ് (ABC), ഇന്റേൺഷിപ്പുകൾ, തുടർച്ചയായ ആന്തരിക മൂല്യനിർണയം, നൈപുണ്യ വികസന കോഴ്സുകൾ എന്നിവ വിദ്യാർത്ഥികൾക്ക് മുമ്പെങ്ങുമില്ലാത്ത പഠനസാദ്ധ്യതകൾ തുറന്നു കൊടുത്തിട്ടുണ്ട്.
എന്നാൽ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കുന്ന നാലാം വർഷമാണ് ഈ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ യഥാർത്ഥ പരീക്ഷണക്കല്ല്. ഒരു വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ വിജയം ക്ലാസ് മുറിയിലെ പഠനാനുഭവത്തിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റത്തിലും വിദ്യാർത്ഥികളുടെ അറിവ്, നൈപുണ്യം, ഗവേഷണശേഷി, തൊഴിൽസന്നദ്ധത എന്നിവയിലുമാണ്.
യഥാർത്ഥ മാറ്റം
സംഭവിച്ചോ?
FYUGPയുടെ അടിസ്ഥാനതത്വം വിദ്യാർത്ഥി കേന്ദ്രീകൃത പഠനമാണ്. എന്നാൽ പരമ്പരാഗത അദ്ധ്യാപക കേന്ദ്രീകൃത പഠനരീതിയിൽ നിന്ന് നമ്മുടെ കോളേജുകൾ യഥാർത്ഥത്തിൽ മാറിയിട്ടുണ്ടോ എന്നത് ആത്മവിമർശനത്തോടെ വിലയിരുത്തേണ്ട സമയമാണിത്. അന്വേഷണാധിഷ്ഠിത പഠനം, അനുഭവാധിഷ്ഠിത പഠനം, സഹകരണ പഠനം, പദ്ധതിയധിഷ്ഠിത പഠനം, ഗവേഷണാധിഷ്ഠിത പഠനം തുടങ്ങിയ നവീന ബോധനരീതികൾ എല്ലാ സ്ഥാപനങ്ങളിലും ഫലപ്രദമായി നടപ്പിലാകുന്നുണ്ടോ?
അതിന് ആവശ്യമായ ലബോറട്ടറികൾ, ലൈബ്രറികൾ, ഡിജിറ്റൽ സൗകര്യങ്ങൾ, ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മതിയായ നിലവാരത്തിൽ ലഭ്യമാണോ? എല്ലാ കോളേജുകൾക്കും ഒരേ അവസരങ്ങൾ ലഭ്യമല്ലെങ്കിൽ പഠനത്തിന്റെ ഗുണനിലവാരത്തിലും വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
പരീക്ഷയും
മൂല്യനിർണയവും
വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ വിശ്വാസ്യത നിർണയിക്കുന്നത് പരീക്ഷാ-മൂല്യനിർണയ സംവിധാനമാണ്. വികേന്ദ്രീകൃത മൂല്യനിർണയം സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകിയിട്ടുണ്ടെങ്കിലും വിവിധ കോളേജുകളിൽ മൂല്യനിർണയത്തിന്റെ ഏകീകൃതയും നിഷ്പക്ഷതയും ഉറപ്പാക്കാൻ കഴിയുന്നുണ്ടോ എന്നതും ഗൗരവമായി പരിശോധിക്കണം. അതോടൊപ്പം, കൃത്രിമ ഗ്രേഡ് വർദ്ധന (Grade Inflation) പോലുള്ള പ്രവണതകൾ ശാസ്ത്രീയമായ ഡാറ്രയുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം.
പ്രധാന വെല്ലുവിളികൾ
അടുത്ത അദ്ധ്യയന വർഷം മുതൽ നാലാം വർഷ ബിരുദപഠനം ആരംഭിക്കുമ്പോൾ കേരളം ഒരു പുതിയ ക്ലാസിലേയ്ക്ക് മാത്രമല്ല ഉന്നതവിദ്യാഭ്യാസ പരിഷ്കാരത്തിന്റെ യഥാർത്ഥ പരീക്ഷണ ഘട്ടത്തിലേക്കാണ് കടക്കുന്നത്. ഈ ഘട്ടത്തിൽ വിജയത്തെ നിർണയിക്കുന്നത് പഠനത്തിന്റെ ഗുണനിലവാരവും ഗവേഷണശേഷിയും തൊഴിൽ യോഗ്യതയും സ്ഥാപനങ്ങളുടെ സജ്ജതയുമാണ്.
നാലാം വർഷ ബിരുദപഠനത്തിന്റെ വിജയത്തിന് മുമ്പിൽ ഇപ്പോഴും ചില അടിസ്ഥാന വെല്ലുവിളികൾ നിലനിൽക്കുന്നു. സ്ഥാപനങ്ങളുടെ അക്കാഡമികവും ഭൗതികവുമായ സജ്ജതയിലും ഗണ്യമായ അസമത്വമുണ്ട്. ചില വിഷയങ്ങളിൽ യോഗ്യതയുള്ള അദ്ധ്യാപകരുടെ കുറവ് തുടരുന്നു. അദ്ധ്യാപകരുടെ ഭരണപരമായ ജോലിഭാരം പഠന ഗവേഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
വ്യവസായ-അക്കാഡമിക സഹകരണം ഇപ്പോഴും പരിമിതമാണ്. ഫലാധിഷ്ഠിത വിദ്യാഭ്യാസ സമീപനം എല്ലാ സ്ഥാപനങ്ങളിലും ഒരേ ഗുണനിലവാരത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുമില്ല. ഈ വെല്ലുവിളികൾ പരിഹരിക്കാതെ നാലാംവർഷം ആരംഭിച്ചാൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ പ്രയാസമാകും.
ഇനി വേണ്ടത് സമഗ്ര ഗുണനിലവാരം ഉറപ്പാക്കൽ
നാലാംവർഷ പഠനം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനതലത്തിൽ സമഗ്രമായ Quality Assurance Framework രൂപീകരിക്കേണ്ടത് അനിവാര്യമാണ്.
അക്കാഡമിക് ഓഡിറ്റ് : ഓരോ കോളേജിലും Institutional Readiness Audit ഉം Academic Quality Audit ഉം നിർബന്ധമാക്കണം. അടിസ്ഥാനസൗകര്യങ്ങൾ ഗവേഷണ സൗകര്യങ്ങൾ അദ്ധ്യാപക ലഭ്യത എന്നിവ വിലയിരുത്തിയ ശേഷമായിരിക്കണം നാലാംവർഷ പഠനത്തിന് അനുമതി നൽകേണ്ടത്.
നൈപുണ്യ വികസനം: എല്ലാ കോളേജുകളിലും Skill Development and Employability Centres ശക്തിപ്പെടുത്തുകയും വ്യവസായ പങ്കാളിത്തം വിപുലപ്പെടുത്തുകയും വേണം.
അദ്ധ്യാപക പരിശീലനം: Outcome-Based Education, Outcome Assessment and Attainment, നവീന ബോധനരീതികൾ, ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ അദ്ധ്യാപകർക്ക് തുടർച്ചയായ പരിശീലനം ഉറപ്പാക്കണം.
അക്കാഡമിക ഡാറ്റാ ഡാഷ്ബോർഡ്: വൈകാതെ ഒരു സംസ്ഥാനതല ഡിജിറ്റൽ Academic Data Dashboard വികസിപ്പിക്കേണ്ടതുണ്ട്. പഠനഫലപ്രാപ്തി, ബിരുദധാരികളുടെ തൊഴിൽപ്രാപ്തി, പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് പൂർത്തീകരണ നിരക്ക് ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ഉന്നത പഠനത്തിലേക്കുള്ള പ്രവേശനം. സ്റ്റാർട്ടപ്പുകളും സംരംഭകത്വ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പ്രധാന പ്രകടന സൂചകങ്ങൾ (KPIs) ഇതിലൂടെ നിരന്തരം വിലയിരുത്തണം.
ലക്ഷ്യവും വിജയവും
നാലാം വർഷം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനതല ഗുണനിലവാര ഉറപ്പാക്കൽ പ്രവർത്തനപദ്ധതി നടപ്പിലാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നാലാംവർഷ ബിരുദപഠനം ഒരു പുതിയ സെമസ്‌റ്ററിന്റെ തുടക്കമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെടുന്ന നിർണായക പരീക്ഷണഘട്ടമാണ്.
ഈ ഘട്ടത്തെ ശാസ്ത്രീയമായ ആസൂത്രണത്തോടെയും കർശനമായ ഗുണനിലവാര ഉറപ്പോടെയും തെളിവാധിഷ്ഠിത വിലയിരുത്തലോടെയും മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞാൽ, ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമെന്നതിലുപരി, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന് ദിശാബോധം നൽകുന്ന മാതൃകയായി കേരളത്തിന് മാറാൻ കഴിയും. അതാണ് ഈ പരിഷ്കാരത്തിന്റെ യഥാർത്ഥ ലക്ഷ്യവും വിജയവും.
(ഗവ. കോളേജ് ആറ്റിങ്ങൽ മുൻ പ്രിൻസിപ്പലും, നാക്പിയർ ടീം അംഗം
എഫ്.വൈ.യു.ജി.പി റിസോഴ്സ് പേഴ്സണുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |