അഹമ്മദാബാദ്: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി മമ്മൂട്ടി. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ നാലാം ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇതേ സിനിമയിലെ ഷെഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. ഏകതാ നഗറിലെ സ്റ്റാച്യു ഒഫ് യൂണിറ്റിക്കു സമീപത്തെ വേദിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചരിത്രത്തിൽ ആദ്യമായാണ് ഡൽഹിക്കു പുറത്തുവച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണം നടക്കുന്നത്.
നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച ഭദ്രകാളി നാടകത്തിന്റെ സംവിധായകൻ ആനന്ദജ്യോതി (ജോസ് ആന്റണി), മികച്ച ആനിമേഷൻ ഫിലിം ഒരുക്കിയ ജോഷി ബെനഡിക്ട്, മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് എന്നിവരാണ് പുരസ്‌കാരം സ്വീകരിച്ച മറ്റു മലയാളികൾ.
ചന്തു ചാമ്പ്യൻ എന്ന ഹിന്ദി സിനിമയിലെ കാർത്തിക് ആര്യനുമായി മമ്മൂട്ടി അവാർഡ് പങ്കിടുകയായിരുന്നു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ആർട്ടിക്കിൾ 370 ആണ് മികച്ച ചിത്രം. യാമി ഗൗതമാണ് മികച്ച നടി. തമിഴ് സിനിമ അമരന്റെ സംവിധായകൻ രാജ്കുമാർ പെരിയസ്വാമി മികച്ച സംവിധായകൻ. മലയാളി സംവിധായൻ ജയരാജായിരുന്നു ജൂറി ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |