SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.51 PM IST

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ

visit


തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം. ഇന്നലെ രാവിലെ എസ്.എ.ടി ആശുപത്രിൽ നടന്ന പൊതുപരിപാടിക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രി പേരൂർക്കടയിലേക്ക് പുറപ്പെടുകയായിരുന്നു. അധികൃതരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രിയുടെ ശോച്യവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.
22 വർഷമായി പണി തീരാത്ത 2 കെട്ടിടങ്ങളുടെയും ആശുപത്രിയിലെ റോഡിന്റെയും നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായാൽ രോഗികളെ മെച്ചപ്പെട്ട അന്തരീക്ഷത്തിൽ മാറ്റി പാർപ്പിക്കാനാകും. ടെൻഡർ നടപടി പൂർത്തിയായിട്ടും റോഡിന്റെ നിർമ്മാണം ആരംഭിക്കാത്തതിനെക്കുറിച്ചും മന്ത്രി ആരാഞ്ഞു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയറെ മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി നിർമ്മാണത്തെക്കുറിച്ച് വിശദീകരിച്ചു.

റോഡ് നിർമ്മാണത്തിനായി കരാറുകാരനുമായി സംസാരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. മതിയായ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്,ഡയറക്ടർ ഡോ.മീനാക്ഷി.വി,അഡിഷണൽ ഡയറക്ടർ ഡോ.ബി.ഉണ്ണികൃഷ്ണൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ,എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അർണോൾഡ് ദീപക്,മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.പ്രീതി ജെയിംസ്,പി.ഡബ്ല്യു.ഡി ബിൾഡിംഗ്‌സ് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അജയകുമാർ,അസി.എൻജിനിയർ രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


രോഗീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി


രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മരുന്നുകൾ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കുമെന്നും മന്ത്രി കെ. മുരളീധരൻ. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനൊപ്പം ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഉൾപ്പെടെ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL