SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.40 PM IST

വി- പാർക്കിനരികിൽ വിട്ടൊഴിയാത്ത ദുരിതം

wepark-kollam-
ചെറിയ മഴയിൽ പോലും ചെളിക്കുളമായി മാറുന്ന വി-പാർക്കിന് മുന്നിലെ റോഡരിക്. ചെളിക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കാണാം

കൊല്ലം: ചെറിയ മഴയിൽപ്പോലും എസ്.പി ഓഫീസ് മേൽപ്പാലത്തിന് സമീപത്തെ വി-പാർക്കിന് മുന്നിലുള്ള റോഡരിക് ചെളിക്കുളമാകുന്നത് സന്ദർശകരെ വലയ്ക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകളും അവധി ദിവസങ്ങളിൽ ആയിരത്തിലധികം പേരും എത്തുന്ന പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റോഡരികിലാണ് ചെളിയും വെള്ളക്കെട്ടും രൂപപ്പെടുന്നത്. ഇതോടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാനും കയറാനും ഏറെ ബുദ്ധിമുട്ടുകയാണ്.

വി-പാർക്കിൽ സ്ഥിരം പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ തിരക്കേറിയ നാലുവരി പാതയുടെ അരികിലാണ് കാറുകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇവിടം ചെളിക്കുളമാകുമ്പോൾ പാർക്കിംഗ് കൂടുതൽ ദുഷ്കരമാകും. റോഡരികിലെ പാർക്കിംഗ് ഗതാഗതത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പരാതി നേരത്തെതന്നെയുണ്ട്.

2025 മാർച്ചിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റിൽ ടൂറിസം വകുപ്പ് രണ്ട് കോടി ചെലവഴിച്ച് വി-പാർക്ക് നിർമ്മിച്ചത്. നടപ്പാതകൾ, ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ കോർട്ടുകൾ, സ്കേറ്റിംഗ് ട്രാക്ക്, ഓപ്പൺ ജിം, യോഗ- മെഡിറ്റേഷൻ സോൺ, ചെസ് ബ്ലോക്ക്, പൂന്തോട്ടം, ലഘുഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ടൂറിസം വകുപ്പ്, കോർപ്പറേഷൻ, ഡി.ടി.പി.സി. എന്നിവയുടെ സംയുക്ത സമിതിക്കാണ് പാർക്കിന്റെ പരിപാലന ചുമതല.

.........................

പാർക്കിംഗിന്

വഴിയൊരുക്കണം

പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ സമീപത്തെ പീരങ്കി മൈതാനമോ സ്റ്റേഡിയത്തിന് സമീപമുള്ള സ്ഥലമോ പാർക്കിംഗിനായി ഉപയോഗപ്പെടുത്താൻ നടപടി വേണമെന്ന് സന്ദർശകർ പറയുന്നു. വൈദ്യുതി മുടങ്ങിയാൽ പാർക്ക് പരിസരം ഇരുട്ടിലാകുന്നതിനാൽ ഇൻവെർട്ടർ സംവിധാനമില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

പാർക്കിന് സമീപം സ്ഥിരം പാർക്കിംഗ് സൗകര്യം വേണം. ചെളിക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ ഡ്രൈനേജ് സംവിധാനവും ഒരുക്കണം

സന്ദർശകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL