SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.41 PM IST

​വല്ലാർപാടം പുനരധിവാസം : പ്ലോട്ടുകൾ മണ്ണിട്ടുയർത്തും

കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനായി സ്ഥലം ഏറ്റെടുത്തവരെ പുനരധിവസിപ്പിക്കാൻ തുതിയൂർ, ഇന്ദിരാനഗർ, മുളവുകാട് എന്നിവിടങ്ങളിൽ അനുവദിച്ച പ്ലോട്ടുകൾ മണ്ണിട്ടുയർത്തി വാസയോഗ്യമാക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ടോണി ചമ്മണി എം.എൽ.എ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മൂലമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഒരാൾക്കെങ്കിലും ജോലി നൽകുന്നത് ചർച്ച ചെയ്യാൻ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കും.

യോഗത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റ് ഫാ. ഫ്രാൻസിസ് സേവിയർ താന്നിക്കാപ്പിള്ളി, സമരസമിതി അംഗങ്ങളായ ഫ്രാൻസിസ് കളത്തുങ്കൽ, വി.പി. വിൽസൺ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 കർമ്മപദ്ധതി

പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 മണ്ണ് പോർട്ട് ട്രസ്റ്റ് ലഭ്യമാക്കും. സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് എത്തിക്കും. മണ്ണ് ഇട്ട് ശേഷം ഭൂമിക്ക് ആവശ്യമായ ഉറപ്പ് ഉണ്ടോയെന്ന് കെ.എം.ആർ.എൽ പരിശോധിക്കും.

മുളവുകാട് പുനരധിവാസ ഭൂമിയിൽ മുളവുകാട് പൊലീസ് സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ രണ്ടാഴ്ചയ്ക്കകം നീക്കും.

കണ്ടെയ്നർ റോഡിന് സ്ഥലം വിട്ടുനൽകിയവർക്ക് കണ്ടെയ്നർ റൂട്ടിൽ സൗജന്യ ടോൾ പാസ് അനുവദിക്കാൻ നാഷണൽ ഹൈവേയ്സ് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് (എൻ.എച്ച്.എ.ഐ) യോഗം നിർദ്ദേശം നൽകി.

 വരുമാനനികുതി തിരിച്ചു നൽകും

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്ന് സംസ്ഥാന സർക്കാർ ഉത്തരവിന് വിരുദ്ധമായി പിടിച്ചെടുത്ത വരുമാനനികുതി തിരിച്ചുനൽകാൻ കേന്ദ്ര ഇൻകം ടാക്സ് വകുപ്പിന് കത്തയക്കാൻ കൊച്ചി തുറമുഖ ട്രസ്റ്റിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പുനരധിവാസ ഭൂമിയിലേക്ക് സർവീസ് റോഡ് നിർമ്മാണത്തിൽ ഉടൻ തീരുമാനമെടുക്കാനും നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL