കൊച്ചി: ഹെപ്പറ്റൈറ്റിസ് ബി, സി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ബ്യൂട്ടിപാർലറുകൾ, സലൂണുകൾ, ബാർബർഷോപ്പുകൾ, ടാറ്റൂ സെന്ററുകൾ എന്നിവ പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. ഉപഭോക്താക്കൾക്കിടയിൽ രോഗവ്യാപനസാദ്ധ്യത കുറയ്ക്കുന്നതിനാണിത്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലകറക്കം, ഛർദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്തനിറം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. മുൻകരുതലായി ജീവനക്കാരും സ്ഥാപനങ്ങളും വ്യക്തിശുചിത്വം കർശനമായി പാലിക്കണം.
* അണുവിമുക്തമാക്കണം
ഓരോ ആൾക്കും ഉപയോഗിച്ചശേഷം കത്രിക, ചീപ്പ്, ഷേവിംഗ് റേസർ, നെയിൽ കട്ടർ തുടങ്ങിയവ അണുവിമുക്തമാക്കണം. ലോഹഉപകരണങ്ങൾ അണുനാശിനി ലായനിയിലോ യു.വി സ്റ്റെറിലൈസറിലോ ശുദ്ധീകരിക്കുകയോ തിളപ്പിച്ച വെള്ളത്തിൽ 20 മിനിറ്റ് മുക്കിവച്ച് അണുവിമുക്തമാക്കുകയോ വേണം. ബ്ലേഡുകൾ, ഗ്ലൗസുകൾ, സൂചികൾ തുടങ്ങിയ ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിക്കരുത്. ടാറ്റൂ ചെയ്യുന്നതിനുള്ള സൂചികൾ ഉൾപ്പെടെ എല്ലാ ഡിസ്പോസബിൾ ഉപകരണങ്ങളും ഒരുതവണയേ ഉപയോഗിക്കാവൂ. ഓരോരുത്തർക്കും ഉപയോഗിച്ചശേഷം ടവലുകളും ഏപ്രണുകളും കഴുകി അണുവിമുക്തമാക്കണം. മുടി, ബ്ലേഡ്, സൂചി തുടങ്ങിയ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
* പരിശോധന നടത്തണം
രോഗസാദ്ധ്യത കൂടുതലുള്ളവർക്ക് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാം. ആരോഗ്യപ്രവർത്തകരും പതിവായി ഡയാലിസിസിന് വിധേയരാകുന്നവരും ഈ വാക്സിൻ നിർബന്ധമായും സ്വീകരിക്കണം. രോഗബാധിതയായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകരാതിരിക്കാൻ നവജാത ശിശുവിന് ജനനസമയത്തുതന്നെ ഇമ്മ്യൂണോഗ്ലോബുലിൻ നൽകാനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമാണ്. ഗർഭിണികൾക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പ്രസവസൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ്-ബി, സി രോഗനിർണയവും ചികിത്സയും സൗജന്യമായി ലഭിക്കും.
* വാക്സിനുകൾ ലഭ്യം
ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗും വാക്സിനേഷനും പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങൾക്കുള്ള സൗജന്യചികിത്സ നിലവിൽ എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, കളമശേരി സർക്കാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |