SignIn
Kerala Kaumudi Online
Sunday, 20 September 2026 12.41 PM IST

നികുതി വരുമാനത്തിലെ വൻ വർദ്ധന

READ ENGLISH VERSION
a

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ അഞ്ചു മാസം സർക്കാരിന്റെ നികുതി വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം കോടിയിലധികമാണ് കൂടിയിരിക്കുന്നത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള വരുമാനത്തിന്റെ കണക്കാണിത്. ഓണ വിപണി സജീവമായിരുന്ന ആഗസ്റ്റിൽ നികുതി വരുമാനം 4,700 കോടിയാണ് വർദ്ധിച്ചത്. ആദ്യ അഞ്ച് മാസത്തെ ജി.എസ്.ടി വരുമാനം 20,274 കോടിയാണ്. ബഡ്ജറ്റ് കണക്കാക്കിയതിന്റെ 40 ശതമാനം അഞ്ച് മാസത്തിനുള്ളിൽ തന്നെ കിട്ടിയിരിക്കുകയാണ്. മുൻ വർഷം ഇത് 35 ശതമാനമായിരുന്നു. ജനങ്ങൾ കൂടുതൽ പണം സാധനങ്ങളും വസ്‌ത്രങ്ങളും മറ്റും വാങ്ങാനായി ചെലവഴിക്കുമ്പോഴാണ് സാധാരണ സർക്കാരിന്റെ നികുതി വരുമാനം കൂടുന്നത്.

ഓണത്തിന് ജനങ്ങൾ നല്ലതുപോലെ പണം ചെലവാക്കിയതിന്റെ തെളിവ് കൂടിയാണ് നികുതി വരുമാനത്തിന്റെ വർദ്ധനവ്. നികുതിയേതര വരുമാനത്തിലും മുൻ വർഷത്തേക്കാൾ എട്ട് ശതമാനത്തോളം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ഉണ്ടായ ഈ വർദ്ധന കേരളത്തിന്റെ സാമ്പത്തിക നിലയ്ക്ക് ആശ്വാസം പകരുന്നതാണ്. വരവിനനുസരിച്ച് സർക്കാരിന്റെ ചെലവും കടമെടുപ്പും കൂടിയതിനാൽ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. പിരിഞ്ഞു കിട്ടാനുള്ള നികുതികളും ഫൈനുകളും മറ്റും സമയബന്ധിതമായി പിരിക്കാനായാൽ നികുതി വരുമാനം ബഡ്‌ജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുമെന്ന് ഉറപ്പാണ്. പക്ഷേ സാധാരണ ജനങ്ങളെ വേട്ടയാടുന്ന രീതിയിലാവരുത് കുടിശിക പിരിക്കൽ. വൈദ്യുതി, വെള്ളം, ഭക്ഷ്യവസ്തുക്കൾ, മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിലവർദ്ധന ജനജീവിതത്തെ ഇപ്പോൾ തന്നെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

അതിനാൽ സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും മറ്റും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധമായിരിക്കണം നികുതി കുടിശിക പിരിവും മറ്റും ആസൂത്രണം ചെയ്യേണ്ടത്. അതുപോലെ തന്നെ നികുതി വരുമാനം കൂടുന്നതനുസരിച്ച് പൊതുസേവനങ്ങളുടെ മേന്മ വർദ്ധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകേണ്ടതാണ്. ഓണക്കാലത്ത് സർക്കാർ നൽകിയ പണം ഏതാണ്ട് മുഴുവനായും ജനങ്ങൾ ചെലവഴിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് നികുതി വരുമാനത്തിലെ വർദ്ധന. സംസ്ഥാനത്തിന്റെ റവന്യു കമ്മി ബഡ്‌ജറ്റ് കണക്കാക്കിയതിന്റെ പകുതിയിലെത്തി. 18,688 കോടി. എന്നാൽ കഴിഞ്ഞ വർഷം ആദ്യ അഞ്ചുമാസം റവന്യു കമ്മി 20,000 കോടിയായിരുന്നു. കടമെടുപ്പ് മുൻ വർഷത്തേക്കാൾ കൂടി ആകെ 30560. 93കോടിയായി. ഓണമാസമായ ആഗസ്റ്റിൽ മാത്രം 4099 കോടി രൂപയാണ് കടമെടുത്തത്.

ഓണത്തിന് മുന്നോടിയായി എല്ലാ മേഖലയിലും നൽകേണ്ട പണം നേരത്തേ തന്നെ സർക്കാർ വിതരണം ചെയ്തിരുന്നു. ഇത് ഓണ വിപണി സജീവമാകാൻ വളരെ ഗുണം ചെയ്തു. ഓണ വിപണിയിലെ കച്ചവടത്തിന്റെ പ്രതിഫലനം വരും മാസങ്ങളിലെ ജി.എസ്.ടി വരുമാനത്തിലും ഉണ്ടാകും. യു.പി.ഐ വഴി ഇടപാടുകൾ കൂടുതൽ നടന്നതും നികുതി വർദ്ധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കിയതും നികുതി വരുമാനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ വ്യവസായങ്ങൾ, നിക്ഷേപങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിച്ച് സാമ്പത്തിക വളർച്ച കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടതാണ്. നികുതി വരുമാനത്തിലെ വർദ്ധനവിനെ വികസനത്തിനായുള്ള ഒരു മികച്ച അവസരമായിട്ടാണ് സർക്കാർ കണക്കാക്കേണ്ടത്.

English Summary

Kerala has recorded a significant increase in tax revenue. During the first five months of the current financial year, the state government's tax revenue rose by more than ₹9,000 crore compared with the corresponding period last year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA TAX REVENUE, KERALA GOVERNMENT, TAX COLLECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION