വൈത്തിരി: പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ലാതെ ലക്കിടിയിൽ കുടുങ്ങുന്ന ഡ്രൈവർമാർ ദുരിതത്തിൽ. പ്രദേശത്ത് ശൗചാലയമില്ല. ചായ കുടിക്കണമെങ്കിൽ പോലും കിലോമീറ്ററുകൾ നടക്കണം. താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ലോറികൾ മണിക്കൂറുകളോളം പിടിച്ചിടുന്നത്. ലക്കിടി വയനാട് കവാടത്തിന് സമീപമായി നിരവധി ലോറികളാണ് ഇങ്ങനെ മണിക്കൂറുകളോളം നിർത്തിയിടേണ്ടി വരുന്നത്. ശൗചാലയമില്ലാത്തതിനാൽ തന്നെ പ്രദേശത്തെ കാടിനെ ആശ്രയിക്കേണ്ടി വരികയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഈ ഭാഗത്താണെങ്കിൽ സ്ഥിരമായി കാട്ടാന ഇറങ്ങുന്നുമുണ്ട്.
ഒരു പൊതു ശൗചാലയം നിർമ്മിക്കുകയാണെങ്കിൽ ഏറെ ആശ്വാസമാകുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി കിലോമീറ്ററുകൾ താണ്ടിയാണ് എത്തുന്നത്. പകൽ സമയം താമരശ്ശേരി ചുരത്തിലൂടെ ചരക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. രാത്രികാലങ്ങളിൽ നിയന്ത്രണവിധേയമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ലക്കിടി കവാടത്തിനു സമീപം ഏതാണ്ട് 50 ഓളം ലോറികളാണ് ഇപ്പോൾ ശരാശരി നിർത്തിയിടുന്നത്. ചിലപ്പോൾ 24 മണിക്കൂറിൽ കൂടുതൽ റോഡരികിൽ നിർത്തിയിടേണ്ടിവരും. ലക്കിടിയിൽ രണ്ട് ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർമാർക്ക് ഹോട്ടലുകളിലെ ശുചിമുറി ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ തന്നെ അടിയന്തരമായി പൊതുശൗചാലയം ഒരുക്കി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കവാടത്തിന് സമീപം പൊലീസുകാർ ഉപയോഗിക്കുന്ന ശുചിമുറിയുണ്ട്. ഇത് പൊതുവായി തുറന്നു നൽകാറുമില്ല. താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |