കൽപ്പറ്റ: മഴപെയ്താൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആകും. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള അവസ്ഥയാണിത്. മഴ കുറയുന്നതോടെ മറ്റു പ്രദേശങ്ങളിൽ വെള്ളം താഴുമെങ്കിലുംകോട്ടത്തറയിൽ മാത്രം ആഴ്ചകൾ കഴിഞ്ഞാൽ മാത്രമേ വെള്ളം താഴുകയുള്ളൂ. അതുവരെ പ്രദേശവാസികൾ തീരാ ദുരിതത്തിൽ ആകും. പ്രദേശത്തു നിന്നും വെള്ളം കൃത്യമായി ഒഴുകിപ്പോകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വെണ്ണിയോട് ടൗണിനോട്‌ചേർന്ന പ്രദേശം, വലിയകുന്ന്,
കുറുമണി, ചെറിയമട്ടംകുന്ന്, പാത്തിക്കൽ കടവ്, മാടക്കുന്ന് തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്. കഴിഞ്ഞ ദിവസത്തെ അതിതീവ്ര മഴയെ തുടർന്ന് പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങി. പ്രദേശവാസികളെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലേക്കാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഓരോ മഴക്കാലത്തും വെള്ളം ഉയരുന്നതോടെ പ്രദേശവാസികൾ ദുരിതാശ്വാസക്യാമ്പുകളിലേക്ക് അല്ലെങ്കിൽ ബന്ധുവീടുകളിലേക്ക് മാറി താമസിക്കേണ്ട അവസ്ഥയാണ്.
പൊഴുതന, വൈത്തിരി മേഖലകളിൽ വലിയതോതിലുള്ള മഴപെയ്താൽപോലും ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. കോട്ടത്തറയിലെ വലിയപുഴ, ചെറിയ പുഴ എന്നീ പുഴകളിലൂടെ നിമിഷനേരം കൊണ്ടാണ് വെള്ളം എത്തുന്നത്. ജില്ലയിലെ മറ്റൊരു പ്രദേശങ്ങളിലും ഈ അവസ്ഥ ഇല്ല. കഴിഞ്ഞദിവസം വെള്ളം കയറിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് തോണിയിലാണ് അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയത്. ഭൂരിഭാഗം കുടുംബങ്ങളുംഗോത്ര കുടുംബങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം തടയുന്നതിന് ശാസ്ത്രീയമായ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |