തിരുവനന്തപുരം: നിർദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് (തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്-എൻ.എച്ച് 866) 28 ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിട്ടി ആക്ട് സെക്ഷൻ 3എ വിജ്ഞാപനം പുറത്തിറങ്ങി.
പുളിമാത്ത്,കിളിമാനൂർ,കരവാരം,വാമനപുരം,പുല്ലംപാറ,നെടുമങ്ങാട്,വിഴിഞ്ഞം,പള്ളിച്ചൽ,കുളത്തുമ്മൽ,നാവായിക്കുളം,വിളപ്പിൽ തുടങ്ങിയ വില്ലേജുകളിൽ നിന്നാണ് സ്ഥലമേറ്റെടുക്കുന്നതിള്ള വിജ്ഞാപനമാണ് വന്നത്. ദേശീയപാത നിർമ്മിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ വേണ്ടി ഏതൊക്കെ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു എന്ന് പ്രഖ്യാപിക്കാനാണ് ത്രി എ വിജ്ഞാപനം പുറത്തിറക്കുന്നത്. ഇത്ര സ്ഥലത്തെ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതിൽ സർവേ നമ്പർ,വിസ്തീർണം ഒക്കെയുണ്ടാകും. വിജ്ഞാപനം വന്നശേഷം 21 ദിവസത്തിനുള്ളിൽ ഭൂവുടമകൾക്ക് ആക്ഷേപം നൽകാം.
ഇതുവരെ 288 ഹെക്ടർ ഭൂമിയുടെ ത്രി എ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. 100 ഹെക്ടർ ഭൂമി ഏറ്രെടുക്കാനാണ് 3ഡി വിജ്ഞാപനം പുറത്തിറങ്ങിയിട്ടുള്ളത്. ആക്ഷേപം പരിശോധിച്ച് ഭൂമി അന്തിമമായി ഏറ്റെടുക്കുന്നുവെന്ന് ഉറപ്പിക്കുന്നതാണ് ഈ വിജ്ഞാപനം.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഏകദേശം 12549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് അപ്രൈസൽ കമ്മിറ്റി (പി.പി.പി.എ.സി) നേരത്തെ തന്നെ പദ്ധതിക്ക് ശുപാർശ ചെയ്തിരുന്നു. വിഴിഞ്ഞം-തേക്കട,തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമ്മിക്കാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |