ചെങ്ങന്നൂർ: പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവും മൂഴിയാർ ഡാം തുറന്നതിന്റെ വെള്ളവും കൂടിയായപ്പോൾ ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു. പമ്പ, മണിമലയാറുകൾ കരവിഞ്ഞൊഴുകുന്നതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചെറിയനാട് പഞ്ചായത്തിലെ 15-ാം വാർഡിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു കുടുംബത്തെ അഗ്നിരക്ഷാ സേന സമാന്തരമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാക്കിയിട്ടുണ്ട്. 31ക്യാമ്പുകളിലായി 746 കുടുംബങ്ങളിൽ നിന്നുള്ള 2,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഭീഷണിയാകുന്നത് പമ്പയിലെ വെള്ളം
പാണ്ടനാട് ആർ.കെ.വി സ്കൂളിന്റെ സമീപപ്രദേശങ്ങളിലും പരുമല-പാണ്ടനാട് റോഡിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പമ്പയാറ്റിൽ നിന്നുള്ള വെള്ളമാണ് പാണ്ടനാട് മേഖലകളിൽ ഭീഷണി ഉയർത്തുന്നത്. അതേസമയം, മണിമലയാറ്റിൽ നിന്നുള്ള വെള്ളം വരവാണ് തിരുവൻവണ്ടൂർ, മിത്രമഠം, ഉമയാറ്റുകര, പ്രയാർ (4, 5 വാർഡുകൾ), നന്നാട്, ശ്രീ അയ്യപ്പ കോളജ് ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. മാമ്പറ ഭാഗത്ത് 80ഓളം വീടുകളിൽ വെള്ളം കയറി. ഇവിടെ ക്യാമ്പുകളിൽ 120ഓളം ആളുകൾ കഴിയുന്നുണ്ട്. പുലിയൂർ തെക്ക്, ഇലഞ്ഞിമേൽ, ചിറിയപ്പടി, വെൺമണി ,ചെറിയ നാട് പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്. പുലിയൂരിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പുലിയൂർ ഗവ.സ്കൂളിൽ ക്യാമ്പ് തുറന്നു. വെൺമണി ജെ.ബി സ്കൂൾ, മാർത്തോമ്മാ സ്കൂൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മുളക്കുഴ പഞ്ചായത്തിൽ മാത്രം നാലോളം സ്കൂളുകളിൽ ക്യാമ്പുകൾ ആരംഭിച്ചു. ചെങ്ങന്നൂർ നഗരസഭയിലെ മംഗലം, ഇടനാട്, പുത്തൻകാവ് പ്രദേശങ്ങളിൽ ജലനിരപ്പ് അനുമിഷണം ഉയർന്നുവരികയാണ്. മാവേലിക്കര - കോഴഞ്ചേരി റോഡിൽ പുത്തൻകാവിനും ഐക്കാട്ട് പാലത്തിനും ഇടയിലുള്ള ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം ദുഷ്കരമായി.
ക്യാമ്പുകളിൽ
തിരുവൻവണ്ടൂർ, മുളക്കുഴ, പാണ്ടനാട്, എണ്ണക്കാട്, മാന്നാർ, പുലിയൂർ, വെൺമണി, ആല, ചെറിയനാട് എന്നീ വില്ലേജുകളിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവരിൽ 950 പുരുഷന്മാരും 1,029 സ്ത്രീകളും 364 കുട്ടികളും ഉൾപ്പെടുന്നു. കൂടാതെ 327 വൃദ്ധരും 28 ഭിന്നശേഷിക്കാരും 4 ഗർഭിണികളും ഒരു രോഗിയും ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. തിരുവൻവണ്ടൂർ യു.പി.എസ് (239 ), ഗവ. എച്ച്എസ്എസ് മുളക്കുഴ (226 ), ശ്രീ അയ്യപ്പ കോളേജ് തിരുവൻവണ്ടൂർ (186 ), സെന്റ് ജോർജ്ജ് എൽ.പി.എസ് പിരളശേരി (165 ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്നത്. ജിഎച്ച്എസ്എസ് തിരുവൻവണ്ടൂരിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടായതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന ക്യാമ്പ് ഐ.എച്ച്ആർ.ഡി കോളേജിലേക്ക് മാറ്റി സ്ഥാപിച്ചു. താലൂക്ക് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്.-
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |