കൊല്ലം: നഗരത്തിൽ 10761 തെരുവുനായ്ക്കളുണ്ടെന്ന് കോർപ്പറേഷനും വേൾഡ് വൈഡ് വെറ്ററിനറി സർവീസും സംയുക്തമായി നടത്തിയ ‘ഡോഗ് പോപ്പ്’ സർവേ. ഇതിൽ 83 ശതമാനം തെരുവുനായ്ക്കളിൽ വന്ധ്യംകരണം പൂർത്തിയായി. 19, 41, 53 ഡിവിഷനുകളിൽ വന്ധ്യംകരണ നിരക്ക് 100 ശതമാനമാണ്. എന്നാൽ 43-ാം ഡിവിഷനിൽ 9 ശതമാനം മാത്രമാണ്. ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
നഗരത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 14 തെരുവുനായ്ക്കളുണ്ട്. മനുഷ്യരും ഇവയും തമ്മിലുള്ള അനുപാതം 37 പേർക്ക് ഒരു തെരുവുനായ എന്ന നിലയിലാണ്. റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കിലോമീറ്ററിൽ ശരാശരി മൂന്ന് നായ്ക്കളെ കാണാനാകുമെന്നും സർവേ പറയുന്നു.
ഭൂരിഭാഗം തെരുവുനായ്ക്കളും മികച്ച ആരോഗ്യമുള്ളവയാണ്. 94 ശതമാനത്തിനും പ്രകടമായ ആരോഗ്യപ്രശ്നങ്ങളില്ല. ആകെ ആൺനായ്ക്കൾ 6671 എണ്ണവും പെൺനായ്ക്കൾ 4090 എണ്ണവുമുണ്ട്. 100 ൽ 97ശതമാനവും മുതിർന്ന നായ്ക്കളാണ്. മൂന്ന് ശതമാനം നായ്ക്കുട്ടികളാണ്. എ.ബി.സി പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും തുടർപദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി മേയ് 16 മുതൽ 21വരെയാണ് സർവേ നടത്തിയത്.
വന്ധ്യംകരണം തുടരണമെന്ന്
മനുഷ്യരും നായ്ക്കളും തമ്മിലുള്ള സംഘർഷവും തെരുവുനായ ശല്യവും കുറയ്ക്കാൻ അടുത്ത അഞ്ചുവർഷവും വന്ധ്യംകരണ നിരക്ക് 80 മുതൽ 90 ശതമാനത്തിന് മുകളിൽ നിലനിറുത്തണമെന്ന് സർവേ നിർദ്ദേശിക്കുന്നു. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് മൈക്രോചിപ്പ് ഉൾപ്പടെയുള്ള നിർബന്ധിത രജിസ്ട്രേഷൻ നടപ്പാക്കണം. നഗരസഭയുടെ എ.ബി.സി കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിക്കണം. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും വാർഷിക പേവിഷ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണം. പദ്ധതി പുരോഗതി വിലയിരുത്താൻ വർഷത്തിൽ ‘ഡോഗ് പോപ്പ്’ സർവേയ്ക്കും നിർദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |