SignIn
Kerala Kaumudi Online
Sunday, 20 September 2026 12.43 PM IST

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 49 പേരെ ഗാന്ധിഭവൻ ഏറ്റെടുത്തു

gandhi-
മാനസികാരോഗ്യ കേന്ദ്രത്തിൽ ബന്ധുക്കളുപേക്ഷിച്ച 49 പേരെ ഗാന്ധിഭവൻ ഏറ്റെടുത്തു

പത്തനാപുരം : തിരുവനന്തപുരം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കിയിട്ടും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന 49 പേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. രോഗമുക്തി നേടി മാസങ്ങളായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ബന്ധുക്കൾ ഉപേക്ഷിച്ചവരെ ഏറ്റെടുക്കുന്ന ഗാന്ധിഭവൻ സ്വർഗ്ഗതുല്യമാണെന്നും, ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മാനസികരോഗം ഭേദമായവരെ തിരിഞ്ഞുനോക്കാത്ത ബന്ധുക്കളുടെ മനോഭാവത്തിന് മാറ്റം വന്നിട്ടില്ലെന്നും ചടങ്ങിൽ സംസാരിച്ച മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

 ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഏറ്റെടുക്കൽ

ആശുപത്രി സൂപ്രണ്ട് ഗാന്ധിഭവനോട് ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ തിരുവനന്തപുരം ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണറുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടികൾ പൂർത്തിയായത്. പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. 318 എ ഡിസ്ട്രിക്ട് ഗവർണ്ണർ വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് ഗവർണ്ണർ അഡ്വ. ആർ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. സെക്കന്റ് വൈസ് ഗവർണ്ണർ ടി. ബിജുകുമാർ, സൂപ്രണ്ട് പ്രീതി ജയിംസ്, ഡോ. വി. മീനാക്ഷി, ഡി.എം.ഒ. ഡോ. ബിജു മോഹൻ, ആർ.എം.ഒ. ഡോ. ജോൺ സൈമൺ, ഡോ. സാഗർ ടി., മധുസൂതനൻ നായർ, ലയൺസ് ഭാരവാഹികളായ നൗഷറുദ്ദീൻ, സി. ജേക്കബ്ബ്, ഡോ. കെ.ജി. ചന്ദ്രശേഖരൻ നായർ, മണ്ണാമ്മൂല രാജൻ, ശോഭിത തോപ്പിൽ, ഗാന്ധിഭവൻ എം.ഡി. ബി. ശശികുമാർ, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 ഗാന്ധിഭവനിൽ വൻ സ്വീകരണം

ചടങ്ങിന് ശേഷം ലയൺസ് ഭാരവാഹികളുടെ അകമ്പടിയോടെ രണ്ട് ടൂറിസ്റ്റ് ബസുകളിലായിട്ടാണ് ഇവർ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയത്. ഗാന്ധിഭവനിലെത്തിയ സംഘത്തെ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെയും ഗാന്ധിഭവൻ കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ തോർത്തും ഷാളും അണിയിച്ച് സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL