കൊല്ലം: പത്രാധിപർ കെ. സുകുമാരനെക്കുറിച്ചുള്ള ധന്യമായ സ്മരണകൾ അനുസ്മരണ യോഗത്തിൽ ഉയർന്നു. എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായ 1903ൽ അദ്ദേഹം പിറന്നത് മുതൽ കേരളത്തെ പിടിച്ചുലച്ച കുളത്തൂർ പ്രസംഗം അടക്കമുള്ള പത്രാധിപരുടെ ധീരമായ ഇടപെടലുകൾ അനുസ്മരണ യോഗത്തിൽ പ്രഭാഷകർ പങ്കുവച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനായി അദ്ദേഹം ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ യോഗത്തിന്റെ വാർഷിക പൊതുയോഗത്തിലാണ് പത്രാധിപർ ആദ്യമായി പ്രസംഗിച്ചത്. ജാതിയുടെ പേരിലുള്ള അവഗണനയാണ് അദ്ദേഹത്തെ കേരളകൗമുദിയുടെ പത്രാധിപ സ്ഥാനത്ത് എത്തിച്ചത്. തുടർന്ന് അദ്ദേഹം പിന്നാക്കക്കാരോടുള്ള അവഗണനകൾക്കെതിരെ തീപ്പന്തമാവുകയായിരുന്നു. പിന്നാക്കക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് അദ്ദേഹം അക്ഷരങ്ങളിലൂടെ കരുത്ത് പകർന്നു. അദ്ദേഹം എഴുതിയ എഡിറ്റോറിയലുകൾ അധികാര കേന്ദ്രങ്ങളെ പലഘട്ടങ്ങളിലും പിടിച്ചുലച്ചത് അടക്കമുള്ള കേരളചരിത്രത്തിലെ നിർണായക ഏടുകളും അനുസ്മരണ സമ്മേളനത്തിൽ ഉയർന്നു.
ഇന്ന് കാണുന്ന കേരളം രൂപപ്പെട്ടതിൽ കേരളകൗമുദിയും പത്രാധിപർ കെ. സുകുമാരനും വഹിച്ച പങ്കും ചർച്ചയായി. അതുകൊണ്ട് തന്നെ കേരളചരിത്രത്തിലേക്കുള്ള സഞ്ചാരമായും പത്രാധിപർ അനുസ്മരണ യോഗം മാറി. കൊല്ലത്തെ കേരളകൗമുദി കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |