SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.40 PM IST

ഓണം അടുത്തെത്തി; കൊട്ടാരക്കരയിൽ പാർക്കിംഗ് വലയ്ക്കുന്നു

photo
കൊട്ടാരക്കര ചന്തമുക്ക്

കൊട്ടാരക്കര: ഓണക്കാലം അടുത്തെത്തുമ്പോഴും കൊട്ടാരക്കര പട്ടണത്തിൽ വാഹന പാർക്കിംഗിന് ക്രമീകരണമായില്ല. ഏറ്റവും കൂടുതൽ തിരക്കുള്ള ചന്തമുക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഓണത്തിരക്ക് വലിയ തോതിലാകും. അതോടെ പട്ടണത്തിൽ ഗതാഗത കുരുക്കും കൂടുതൽ മുറുകും. പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത സ്ഥിതിയുണ്ടായാൽ ആളുകൾ സാധനങ്ങൾ വാങ്ങാനായി മറ്റിടങ്ങളിലേക്ക് പോകുമോയെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. പ്രതിസന്ധികൾ പരിഹരിക്കാൻ നഗരസഭയും പൊലീസും ഇനിയും യാതൊരുവിധ ആലോചനാ യോഗങ്ങളും ചേർന്നിട്ടുമില്ല.

 പൂർത്തിയാകാത്ത നിർമ്മാണങ്ങൾ തിരിച്ചടിയാകുന്നു

ചന്തമുക്കിൽ നേരത്തേ ഉണ്ടായിരുന്ന പാർക്കിംഗ് ഗ്രൗണ്ട് സാംസ്കാരിക സമുച്ചയം, മുൻസിപ്പൽ സ്ക്വയർ നിർമ്മാണവുമായി ബന്ധപ്പെട്ട് അടച്ചതാണ്. ഇവിടെ നിർമ്മാണ ജോലികൾ മുടങ്ങിയിരിക്കയാണ്. ഉള്ള സ്ഥലം പരമാവധി പാർക്കിംഗിന് അനുവദിക്കാവുന്നതാണെങ്കിലും ഒരു വാഹനംപോലും കടക്കാത്ത വിധം അടച്ചുവച്ചിരിക്കയാണ്. ചന്തയുടെ സ്ഥലത്ത് കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. എന്നാൽ ഇവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. ചന്തയും ആശുപത്രിയും സിനിമാ തീയേറ്ററും പ്രധാന വ്യാപാര സ്ഥാപനങ്ങളുമൊക്കെ യുള്ള ചന്തമുക്കിൽ നിലവിൽ വാഹന പാർക്കിംഗിന് സ്ഥലമില്ല. ഫീസ് വാങ്ങിയുള്ള സ്വകാര്യ പാർക്കിംഗ് ഇടവും ഇല്ലാത്തതാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

 പുലമണിലും കച്ചേരിമുക്കിലും സ്ഥലം ക്രമീകരിക്കണം

  • കൊല്ലം- തിരുമംഗലം ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലും വാഹന പാർക്കിംഗിന് മതിയായ സ്ഥലമില്ല.
  • എം.സി റോഡിന്റെ അരികിലായി രവിനഗറിലെ കെ.ഐ.പിയ്ക്ക് മുന്നിലായി കുറച്ച് സ്ഥലമുള്ളതാണ് ഫീസ് വാങ്ങി നഗരസഭ പാർക്കിംഗിന് ക്രമീകരിച്ചിട്ടുള്ളത്.
  • ഇരുപത് വാഹനങ്ങളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യാൻ കഴിയില്ല.
  • കെ.ഐ.പി വളപ്പിൽ നഗരസഭയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കാനും ഐ.ടി പാർക്ക് സ്ഥാപിക്കാനും അനുവദിച്ച ഭൂമിയിലെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
  • ഇവിടം നിരപ്പാക്കിയാൽ ഓണക്കാല പാർക്കിംഗിന് വേണ്ടത്ര സ്ഥലമാകും.
  • കച്ചേരിമുക്കിൽ ഗണപതി ക്ഷേത്രം റോഡ് തുടങ്ങുന്നിടത്ത് കാലങ്ങളായി ഉപേക്ഷിച്ച നിലയിൽ വാഹനങ്ങളും ഉന്തുവണ്ടികളുമുണ്ട്.
  • ഇവ നീക്കം ചെയ്താൽ കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാം. മുൻപ് എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കുറച്ച് വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നുണ്ട്.
  • കാട് മൂടിയ ബാക്കി ഭാഗം വൃത്തിയാക്കിയാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

 ഗണപതി ക്ഷേത്ര ഭൂമി ഉപയോഗിക്കണം

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനുവേണ്ടി ചന്തമുക്കിൽ പെട്രോൾ പമ്പിന് സമീപത്തായി ഭൂമി വാങ്ങിയിട്ടുണ്ട്. ഇവിടെ മതിൽകെട്ടി ഗേറ്റ് സ്ഥാപിച്ചിട്ട് ഒരു മാസമേ ആകുന്നുള്ളു. ഈ സ്ഥലം ഓണക്കാലത്തേക്ക് വാഹന പാർക്കിംഗിന് വിട്ടുനൽകിയാൽ ചന്തമുക്കിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. അനുയോജ്യമായ സ്വകാര്യ ഭൂമികളും വാഹന പാർക്കിംഗിന് ഉപയോഗിക്കുന്നതിന് അധികൃതർ വേണ്ടത്ര ഇടപെടൽ നടത്തേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL