കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇ.ടി.സി പൊന്മാന്നൂരിലെ കനാലിന്റെ ചോർച്ചയ്ക്ക് പരിഹാരം. ഉൾഭാഗം കോൺക്രീറ്റ് ചെയ്തു. 150 മീറ്റർ ഭാഗമാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്. നേരത്തെ കോൺക്രീറ്റ് ചെയ്തതിനോട് ചേർന്നാണ് പുതിയ കോൺക്രീറ്റ്. 2024-25 വർഷത്തെ ഫണ്ട് ഉപയോഗിച്ചാണ് കെ.ഐ.പി ഇവിടെ കനാൽ ചോർച്ച അടച്ചത്. തകരാറുള്ള മറ്റ് ഭാഗങ്ങളിലും നിർമ്മാണ ജോലികൾ നടക്കുന്നുണ്ട്. തൊട്ട് മുൻപത്തെ വർഷവും കെ.ഐ.പിയ്ക്ക് അറ്റകുറ്റപ്പണികൾക്കായി 10 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പൊന്മാന്നൂരിലെ കനാലിന്റെ അറ്റകുറ്റപ്പണികൾ ഈ തുകയിൽ ഉൾപ്പെടുത്തി ചെയ്യാൻ ശ്രമിച്ചെങ്കിലും കനാൽ പൂർണമായി കോൺക്രീറ്റ് ചെയ്യാനായില്ല. കഴിഞ്ഞ വേനൽക്കാലത്ത് കനാൽ തുറന്നുവിട്ടപ്പോൾ വലിയ തോതിൽ ചോർച്ച ബോദ്ധ്യപ്പെട്ടു. നാട്ടുകാർ പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചാണ് കോൺക്രീറ്റ് നടത്താൻ തീരുമാനമുണ്ടാക്കിയത്.
റോഡ് നിർമ്മിക്കണം
രണ്ട് പതിറ്റാണ്ട് മുൻപ് ഇടതുകര കനാലിൽ വലിയ തോതിൽ ചോർച്ചയുണ്ടായപ്പോൾ കനാലിനോട് ചേർന്ന ഇവിടുത്തെ റോഡ് ഒലിച്ച് പോയിരുന്നു. ശേഷിച്ചത് മഴയത്തും ഒലിച്ചുപോയി. കനാൽ പുനർനിർമ്മിച്ചപ്പോഴും കനാൽ റോഡിന്റെ കാര്യം അധികൃതർ അവഗണിച്ചു. ഇപ്പോൾ കനാലിന്റെ ചെറിയ വരമ്പിലൂടെ സാഹസികമായാണ് ഗ്രാമവാസികൾ സഞ്ചരിക്കുന്നത്. കണ്ണൊന്ന് തെറ്റിയാൽ താഴ്ചയിലേക്ക് വീഴുന്ന സ്ഥിതിയാണ്. നാട്ടുകാർ വിഷയം കെ.എൻ.ബാലഗോപാൽ എം.എൽ.എയെ അറിയിക്കുകയും എം.എൽ.എ സ്ഥലം സന്ദർശിക്കുകയുമുണ്ടായി. റോഡ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്ന് ബാലഗോപാൽ നാടിന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കയാണ് നാട്ടുകാർ.
കനാൽ നവീകരണം ഇനി സാദ്ധ്യമോ?
കെ.ഐ.പി കനാലുകളുടെ നവീകരണം അതാത് കാലയളവിൽ നടത്തേണ്ടതുണ്ട്. വേനൽക്കാലത്ത് വെള്ളം തുറന്ന് വിടുന്നതിന് മുൻപായി വൃത്തിയാക്കലും അനുബന്ധ തകരാർ പരിഹരിക്കലുമൊക്കെ അനിവാര്യമാണ്. മുൻ വർഷങ്ങളിൽ 10 കോടി രൂപ വീതം സംസ്ഥാന ബഡ്ജറ്റിൽ കനാൽ അറ്റകുറ്റപ്പണിക്ക് നീക്കി വച്ചിരുന്നു. ഇത്തവണ പുതുക്കിയ ബഡ്ജറ്റിൽ കെ.ഐ.പിയ്ക്ക് ഈ തരത്തിൽ ഫണ്ട് നീക്കിവച്ചിട്ടില്ല. ഇത് ആശങ്കയുണർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |