കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പയ്യാമ്പലം ഇരുട്ടിൽ.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ബീച്ചിലെ നടപ്പാതകളിൽ ഒറ്റ ലൈറ്റ് പോലും കത്താത്ത അവസ്ഥയാണ്.ലൈറ്റുകൾ കേടായി മാസങ്ങളായെങ്കിലും അധികൃതർ ഇതുവരെ അനങ്ങിയിട്ടില്ല .ദിനം പ്രതി നൂറുകണക്കിന് പേർ എത്തുമ്പോഴാണ് കണ്ണൂരിന്റെ അഭിമാനമായ ബീച്ച് സമ്പൂർണമായി ഇരുട്ടിലാകുന്നത്.
സന്ധ്യ മയങ്ങിയാൽ മൊബൈൽ ഫോണിലെ വെളിച്ചം മാത്രമാണ് ഇവിടെ ആശ്രയം.ഡി.ടി.പി.സി മുൻകൈയെടുത്ത് 2019ലാണ് പയ്യാമ്പലത്തെ നടപ്പാതകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.നിരന്തരമായി ഉപ്പുകാറ്റടിച്ച് 2022 ഓടെ ഇവ തകരാറിലായി. അഞ്ച് വർഷത്തേക്ക് സ്വകാര്യവ്യക്തിയുമായി കരാറിലേർപ്പെട്ട് തുരുമ്പെടുത്ത് നശിച്ച സോളാർ ലൈറ്റുകൾ മുഴുവനും മാറ്റിയാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് മാറിയത്. തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും കരാറിൽ ഡി.ടി.പി.സി അനുമതി നൽകിയിരുന്നു. എന്നാൽ കരാർ കാലാവധിക്ക് മുമ്പെ ഇവയിൽ മിക്കവയും പൊട്ടി വീണതോടെ പ്രദേശം ഇരുട്ടിലായി.
തൂണുകൾ അപകടാവസ്ഥയിലായതിനാൽ നാലു മാസം മുൻപ് കെ.എസ്.ഇ.ബി ഇതിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചിരുന്നു. ജൂൺ മാസത്തിലാണ് കണക്ഷൻ പുനഃസ്ഥാപിച്ചു. എന്നാൽ ലൈറ്റുകൾ നന്നാക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ ലൈറ്റുകൾ പ്രകാശിച്ചിരുന്നെങ്കിലും അവയും വൈകാതെ കേടായി. സമീപത്തെ കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് നിലവിൽ ഇവിടെയുള്ളത്.വിളക്കുകൾ കത്താത്ത വിഷയം കരാറുകാരനെ അറിയിച്ചിട്ടുണ്ടെന്നാണ് ഡി.ടി.പി.സി അധികൃതരുടെ മറുപടി .
വയ്യാവേലിയായി മാലിന്യവും
പയ്യാമ്പലത്ത് മാലിന്യ പ്രശ്നവും അതിരൂക്ഷമാണ് .പ്ലാസ്റ്റിക്ക് ,കുപ്പി ,ഭക്ഷ്യമാലിന്യങ്ങൾ എന്നിങ്ങനെ ബീച്ചിന്റെ പല ഭാഗങ്ങളിയും വലിയ തോതിൽ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇതുമൂലം തെരുവുനായ ശല്യവും രൂക്ഷമാണ്. നടപ്പാതയ്ക്ക് താഴെ പല ഭാഗങ്ങളിലും കാടുപിടിച്ചിട്ടുണ്ട്. ഇവിടെ ഇഴജന്തുക്കളെ ഉൾപ്പെടെ കാണാറുണ്ട്. ഇരുട്ടിന്റെ മറവിൽ ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും വ്യാപകമായെന്ന പരാതിയും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |