പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് ഭീഷണി
പാപ്പിനിശ്ശേരി: അവഗണനയുടെ ചൂളംവിളി ഏറ്റുവാങ്ങി പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് യാത്രക്കാരെ അപകടത്തിൽപെടുത്തുകയാണ്
1905ൽ സ്ഥാപിച്ച സ്റ്റേഷൻ കടുത്ത അവഗണനയിലാണ്. പാപ്പിനിശ്ശേരിയുടെ പഴയ വ്യവസായ പ്രതാപകാലത്ത് ചരക്കുകയറ്റിറക്കത്തിന് ഉപയോഗിച്ച പാലക്കാട് ഡിവിഷനിലെ പ്രമുഖ സ്റ്റേഷനാണിത്. നിരവധി യാത്രക്കാരാണ് സ്റ്റേഷനെ പണ്ടുതൊട്ടേ ആശ്രയിക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നില്ലെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് സ്റ്റേഷൻ നേരിടുന്നത്.
2022ൽ സ്റ്റേഷൻ മാസ്റ്ററെ പിൻവലിച്ച് കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിൽപ്പന ഹാൾട്ട് ഏജന്റുമാരെ ഏൽപ്പിച്ച് സ്റ്റേഷനെ തരംതാഴ്ത്തിയിരുന്നു. നിലവിൽ ട്രെയിൻ വരുന്നതിന് അര മണിക്കൂർ മുൻപ് മാത്രമാണ് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ വിരലിൽ എണ്ണാവുന്ന ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. അടിസ്ഥാനപരമായ യാതൊരു വികസനവും സ്റ്റേഷനിൽ ഉണ്ടായിട്ടുമില്ല.
പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പ്ലാറ്റ്‌ഫോം പലയിടത്തും തകർന്നും താഴ്ന്ന നിലയിലുമാണ്. ആധുനിക കാലത്ത് ട്രെയിനുകളുടെ ഘടനയിൽ മാറ്റങ്ങൾ വന്നെങ്കിലും പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടിയില്ല. പാപ്പിനിശ്ശേരി സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിന് ഉയരം കുറവായതിനാൽ ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരുമെല്ലാം ഏറെ ബുദ്ധിമുട്ടുകയാണ്. കുഞ്ഞങ്ങളുമായെത്തുന്ന മാതാപിതാക്കൾ ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകയാണ്. വയോധികർക്ക് പരസഹായമില്ലാതെ ട്രെയിനിൽ കയറാനോ ഇറങ്ങാനോ സാധിക്കാത്ത അവസ്ഥയാണ്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ അവശ്യം.
പ്ലാറ്റ്‌ഫോമിൽ വിള്ളൽ
പ്ലാറ്റ്‌ഫോമിന്റെ ഉയക്കുറവിനൊപ്പം പലയിടത്തും തകർച്ചയും വിള്ളലുമുണ്ട്. ചിലയിടങ്ങളിൽ പ്ലാറ്റഫോം തകർന്ന് കമ്പികൾ പുറത്തുവന്ന നിലയിലാണ്. നിരവധി അപകടങ്ങളാണ് ഇത് കാരണം ഉണ്ടാവുന്നത്. ഈയിടെ ഒരു സ്ത്രീ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ വീണ് ഗുരുതരമായി പരിക്കേറ്റതിനാൽ ആഴ്ചകളായി ചികിത്സയിലാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവും അപകടങ്ങൾക്ക് ഇടയാക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |