തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായ മുൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്. പൊലീസിന്റെ ഭാഗത്ത് യാതൊരുവിധ വീഴ്ചയുമില്ലെന്നും കൃത്യമായ ഇന്റലിജൻസ് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നും ഡിവൈ.എസ്.പി തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് പലതും വിളിച്ച് പറയാം. വിൽപ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും ലഹരിക്ക് അടിമകളായവരുടെയും കൃത്യമായ പട്ടിക പൊലീസിന്റെ പക്കലുണ്ട്. നിലവിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് സനീഷ് ജോർജ്ജ് പരാതി നൽകിയിട്ടില്ലെന്നും ലഹരിക്കേസിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പറയുന്നില്ലെന്നും സജി മാർക്കോസ് വ്യക്തമാക്കി. ലഹരിക്കേസിൽ പൊലീസ് വിട്ടയച്ചശേഷം സനീഷ് ജോർജ്ജ് മാദ്ധ്യമങ്ങളിലൂടെ പൊലീസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്റെ കൈയിൽ നിന്ന് രാസലഹരി പിടികൂടിയിട്ടില്ലെന്നും ഡാൻസാഫ് സംഘത്തിലെ ചില ഉദ്യോഗസ്ഥർ തനിക്കെതിരെ അനാവശ്യവാർത്തകൾ സൃഷ്ടിക്കുകയാണെന്നുമായിരുന്നു പ്രധാന ആരോപണം. തന്റെ മുഖത്ത് പെപ്പർ സ് പ്രേ അടിച്ച് പൊതുജനമദ്ധ്യത്തിൽ അപമാനിച്ചു. ഓപ്പറേഷൻ തൂഫാന്റെ നിറംകെടുത്താനായി ഇടതുപക്ഷക്കാരായ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ബോധപൂർവ്വം വാർത്തകൾ സൃഷ്ടിച്ചതെന്നും മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നുമായിരുന്നു വെള്ളിയാഴ്ച പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |